മന്ത്രിസഭയ്ക്കു മുകളിലാകരുത് ഉദ്യോഗസ്ഥരെന്ന് ചീഫ് സെക്രട്ടറിയോട് മന്ത്രി കെ. രാജൻ
Thursday, January 26, 2023 12:44 AM IST
തിരുവനന്തപുരം: മന്ത്രിസഭയുടെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിലെ അതൃപ്തിയും ഫണ്ട് വകമാറ്റാനുള്ള ഉദ്യോഗസ്ഥ തീരുമാനത്തിലെ എതിർപ്പും മന്ത്രിസഭാ യോഗത്തിൽ പരസ്യമാക്കി റവന്യു മന്ത്രി കെ. രാജൻ.
ഹൗസിംഗ് ബോർഡ് പിരിച്ചു വിടാനുള്ള മിനിറ്റ്സ് തിരുത്തി ഇറക്കാൻ നിർദേശിച്ചിട്ടും നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയിലെ അതൃപ്തിയും തണ്ണീർത്തടം നികത്തലും ഭൂമിയുടെ തരംമാറ്റലും വഴി ഖജനാവിലേക്കെത്തിയ തുക വകമാറ്റാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശവുമാണു മന്ത്രി രാജനെ പ്രകോപിപ്പിച്ചത്.
ചീഫ് സെക്രട്ടറിയുടെ നിലപാടിലെ അതൃപ്തിക്കെതിരേ ആഞ്ഞടിച്ച മന്ത്രി കെ.രാജനെ, ഒരു ഘട്ടത്തിൽ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടും മുഴുവൻ അതൃപ്തിയും പരസ്യമാക്കിയ ശേഷമാണു റവന്യു മന്ത്രി സീറ്റിലിരുന്നത്. മന്ത്രിസഭയിൽ പങ്കെടുത്ത സിപിഐയുടേത് അടക്കമുള്ള മറ്റു മന്ത്രിമാരാരും അഭിപ്രായം പറഞ്ഞില്ല.
ചീഫ് സെക്രട്ടറി, സംസ്ഥാനത്തെ സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പോടെ എതിർപ്പു പ്രകടിപ്പിച്ച മന്ത്രി രാജൻ, ഇടതു മുന്നണി ഇതുവരെ സംസ്ഥാനത്തു പിരിച്ചു വിട്ടിട്ടില്ലെന്നും മന്ത്രിസഭ ഇപ്പോഴും സംസ്ഥാനത്തു നിലനിൽക്കുന്നുണ്ടെന്നും മുന്നറിയിപ്പു നൽകി.
എൽഡിഎഫ് നിർദേശമാണു മന്ത്രിസഭ നടപ്പാക്കുന്നത്.
ഹൗസിംഗ് ബോർഡ് പിരിച്ചു വിടാനുള്ള മിനിറ്റ്സിലെ നിർദേശം തിരുത്തി ഇറക്കണമെന്നു കഴിഞ്ഞ മന്ത്രിസഭ ചീഫ് സെക്രട്ടറിയോടു നിർദേശിച്ചതാണ്. ഇതുവരെ തിരുത്തിയ മിനിറ്റ്സ് പുറത്തു വന്നിട്ടില്ല. എന്താണ് തടസം. മന്ത്രിസഭാ നിർദേശം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് എന്തു തടസമാണു നിലവിലുള്ളതെന്നു മനസിലാകുന്നില്ലെന്നും രാജൻ പറഞ്ഞു.