പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കര്‍ഷകസ്നേഹം കാപട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Thursday, January 26, 2023 12:43 AM IST
കൊച്ചി: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികള്‍ക്ക് കര്‍ഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാന്‍ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കര്‍ഷകസ്നേഹം കാപട്യ മാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ പരിസ്ഥിതിലോല റിപ്പോര്‍ട്ടുകളെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്.
അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫര്‍ സോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫര്‍ സോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നതും ആഗോള അംഗീകാരമുള്ളതുമായ വന്യജീവികളുടെ വര്‍ധനവ് നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് യാതൊരു തടസവുമില്ല.
ഇതിനു ശ്രമിക്കാതെ കര്‍ഷകദ്രോഹസമീപനം സ്വീകരിക്കുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സംഘടിച്ചു നേരിടാന്‍ കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹത്തിനാകണമെന്നും ജീവന് രക്ഷിക്കാന്‍വേണ്ടി ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.