വിദ്യാർഥിനിയെ ലഹരിമാഫിയ കാരിയറാക്കിയെന്നു പരാതി
Wednesday, December 7, 2022 12:27 AM IST
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയാ സംഘം ഭീഷണിപ്പെടുത്തി കാരിയറാക്കി മാറ്റിയെന്നു പരാതി. വടകര കുഞ്ഞിപ്പള്ളി സ്വദേശിയായ വിദ്യാർഥിനിയാണു പരാതിയുമായി രംഗത്തെത്തിയത്.
കബഡി ടീമിലെ അംഗമായ വിദ്യാർഥിനിക്ക് ഫിറ്റ്നസ് നിലനിർത്താനെന്ന പേരിൽ, പരിചയമുള്ള യുവതിയാണു ബിസ്കറ്റിൽ കലർത്തി ലഹരിപദാർഥം നൽകിയതെന്നാണു പരാതി. പിന്നീട് മാഫിയാസംഘം ഭീഷണിപ്പെടുത്തി തന്റെ ശരീരത്തിൽ പലതവണ മയക്കുമരുന്നു കുത്തിവച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. വടകരയിലെ സ്കൂളിലും തലശേരിയിലെ ഷോപ്പിംഗ് മാളുകളിലും തന്നെ ലഹരിയുടെ കരിയറായി ഉപയോഗിച്ചുവെന്നും വിദ്യാർഥിനി പറയുന്നു.
കൈയിലും കാലിലും പ്രത്യേക അടയാളം രേഖപ്പെടുത്തിയാണു വിവിധയിടങ്ങളിൽ ലഹരി എത്തിക്കാൻ തന്നെ ഉപയോഗിച്ചത്. ഷോപ്പിംഗ് മാളിലും സ്കൂളുകളിലും പോലും ഇത്തരം അടയാളം നോക്കി ആവശ്യക്കാർ തന്റെ പക്കലെത്തുമെന്നും അവർക്ക് തന്റെ കൈവശമുള്ള പൊതി കൈമാറുകയായിരുന്നുവെന്നും വിദ്യാർഥിനി സ്വകാര്യചാനലിനോടു പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണു രക്ഷിതാക്കളുടെ പരാതി. പോലീസ് സ്റ്റേഷനിലടക്കം ലഹരി മാഫിയാ സംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും ഇതു കുട്ടിയെ വല്ലാതെ ഭീതിയിലാഴ്ത്തിയെന്നും രക്ഷിതാക്കൾ പറഞ്ഞു.