തലശേരിയിലെ ഇരട്ടക്കൊലപാതകം: ലഹരിമാഫിയ സംഘത്തിലെ ഏഴു പേർ അറസ്റ്റിൽ
Friday, November 25, 2022 1:44 AM IST
തലശേരി: നഗരമധ്യത്തിൽ ലഹരിമാഫിയ സംഘം നടത്തിയ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കഞ്ചാവുകേസ് പ്രതി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ.
നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ വീട്ടിൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20), നിട്ടൂർ വെള്ളാടത്തിൽ പാറായി ബാബു എന്ന സുരേഷ് ബാബു (41) വടക്കുമ്പാട് തേരേക്കാട്ടിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി വീട്ടിൽ സന്ദീപ് ( 38), പിണറായി പടന്നക്കര വാഴയിൽ വീട്ടിൽ സുജിത്കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണു ജാക്സൺ, നവീൻ, ഫർഹാൻ എന്നിവർ പിടിയിലായത്. കേസിലെ മുഖ്യ പ്രതിയായ പാറായി ബാബുവിനെയും രക്ഷപ്പെടാൻ സഹായിച്ച സന്ദീപ്, സുജിത്ത്, അരുൺ എന്നിവരെയും ഇരിട്ടിയിൽനിന്നാണു പോലീസ് പിടികൂടിയത്.
നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവരാണു കുത്തേറ്റു മരിച്ചത്.