കേരളാ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചു
Friday, September 30, 2022 2:42 AM IST
കോട്ടയം: കേരളാ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയായി. അംഗങ്ങളായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഡ് തെരഞ്ഞെടുപ്പുകൾ ആരംഭിച്ചു.
പാർട്ടിയുടെ വാർഡ്,മണ്ഡലം,നിയോജകമണ്ഡലം,ജില്ല, സംസ്ഥാന കമ്മിറ്റി ഭാരവാഹികളെയും, വിവിധ കമ്മിറ്റികളെയുമാണ് തെരഞ്ഞെടുക്കുന്നത്.വാർഡ് തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നമുറക്ക് ഒക്ടോബർ 15 നകം മണ്ഡലം തെരഞ്ഞെടുപ്പുകളും, ഒക്ടോബർ 31 നകം നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകളും നവംബർ 30 നകം ജില്ലാ തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കും.
നിയോജക മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ഡിസംബർ 10 ന് കൂടി പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം അറിയിച്ചു.