പ്രതിരോധിക്കാൻ ബാധ്യത സമുദായത്തിന്; പിഎഫ്ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്
Thursday, September 29, 2022 1:19 AM IST
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്നു മുസ്ലിം ലീഗ്. സംഘടനയെ നിരോധിച്ചതു സ്വാഗതം ചെയ്യുന്നുവെന്നു ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ പറഞ്ഞു. നിരോധനംകൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ല.
പുതിയ തലമുറയെ ഇത്തരം സംഘടനകൾ വഴിതെറ്റിക്കുന്നു. വാളെടുക്കണമെന്നു പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്? ഇത്തരക്കാരെ സമുദായക്കാർതന്നെ നേരിടേണ്ടതുണ്ട്. സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലർ ഫ്രണ്ടിന് ആരാണു കൊടുത്തത്? അവർ ഇവിടെ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ കേട്ടിട്ടില്ലേ? ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള പ്രസംഗങ്ങളാണ്.
ഇസ്ലാം എന്ന പദത്തിന്റെ അർഥം സമാധാനം എന്നാണ്. ഒരു സമുദായത്തിൽനിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. ഞങ്ങൾ ആ കടമ നിർവഹിക്കുന്നു.
ആർഎസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളതു ഹിന്ദുസമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാർദ്ദം. ഞങ്ങളിൽനിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടതു ഞങ്ങൾത്തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടുവരണം-മുനീര്‍ പറഞ്ഞു.