ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം: ലഹരിക്കെതിരേ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. മന്ത്രി എം.ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്.
ലഹരിക്കെതിരേ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ വിപുലമായ പരിപാടികളെക്കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു. ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിംഗ് സമിതിയും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കേരളവുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് നടത്താനുള്ള സന്നദ്ധത യുനിസെഫ് സംഘം പങ്കുവച്ചു. ഹ്യൂൻ ഹീ ബാൻ, കെ.എൽ റാവു, ഡോ. മഹേന്ദ്ര രാജാറാം, ജോ ജോണ് ജോർജ് എന്നിവരാണ് യുനിസെഫ് സംഘത്തിൽ ഉണ്ടായിരുന്നത്.
അതിദാരിദ്ര്യം അവസാനിപ്പിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെയും സംഘം പ്രശംസിച്ചു. ഓരോ കുടുംബങ്ങൾക്കുമായി മൈക്രോപ്ലാൻ തയാറാക്കി അതിദാരിദ്ര്യത്തെ നേരിടുന്ന മാതൃക മികച്ചതാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിമാനകരവും മാതൃകാപരവുമാണെന്നും സംഘം പറഞ്ഞു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള താത്പര്യവും സംഘം മന്ത്രിയുമായി പങ്കുവച്ചു.