ഹയർ സെക്കൻഡറി പാസായവർക്ക് ലേണേഴ്സ് ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റ്
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം:റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയർസെക്കൻഡറി പാസാകുന്ന വിദ്യാർഥികൾക്ക് ലേണേഴ്സ് ലൈസൻസ് എടുക്കാതെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ഗതാഗത വകുപ്പ് കൈക്കൊള്ളുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാർഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്തുന്നതിനായി മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ’റോഡ് സുരക്ഷ’ എന്ന പുസ്തകം ഗതാഗത മന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കുന്ന പുസ്തകം ഹയർസെക്കൻഡറി വിദ്യാർഥികളുടെ പഠനത്തിനായാണ് തയാറാക്കിയിട്ടുള്ളത്.
പാഠ്യപദ്ധതിയുടെ പരിഷ്കരണം നടക്കുന്ന ഘട്ടത്തിൽ ഹയർസെക്കൻഡറി തലത്തിൽ റോഡ് സുരക്ഷയെയും നിയമവശങ്ങളെ യുംകുറിച്ചു വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകാൻ വകുപ്പു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.