വിഴിഞ്ഞം തുറമുഖം നിർമാണം ;സമരക്കാര്‍ തടസമല്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Thursday, September 29, 2022 1:19 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കരാര്‍ തൊഴിലാളികളും മറ്റു ജീവനക്കാരും പദ്ധതി പ്രദേശത്തു പ്രവേശിക്കുന്നതു സമരക്കാര്‍ തടസപ്പെടുത്തുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി വീണ്ടും നിര്‍ദേശം നല്കി.
സമരക്കാര്‍ക്ക് പ്രതിഷേധം സമാധാനപരമായി തുടരാമെന്ന് കോടതി വ്യക്തമാക്കി. സമരം ചെയ്യുന്നവരെ നീക്കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് തുറമുഖ നിര്‍മാണം തടസപ്പെട്ടെന്നു ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനിയറിംഗ് പ്രോജക്ട്സ് ലിമിറ്റഡും പോലീസ് സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ നിര്‍ദേശം നല്‍കിയത്.
പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവു നടപ്പാക്കി സര്‍ക്കാര്‍ അക്കാര്യം അറിയിക്കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജികളില്‍ മതിയായ പോലീസ് സംരക്ഷണം നല്കാന് സെപ്റ്റംബര്‍ ഒന്നിന് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്നലെ വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് തൊഴിലാളികളടക്കമുള്ളവരെ തടയുന്നില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കാന്‍ വീണ്ടും നിര്‍ദേശിച്ചത്. പ്രതിഷേധക്കാര്‍ സ്ഥാപിച്ച സമരഷെഡ് നിമിത്തം തുറമുഖത്തിന്റെ പ്രധാന കവാടത്തിലൂടെയുള്ള പ്രവേശനം തടസപ്പെട്ടിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഇടക്കാല ഉത്തരവു നല്‍കിയിട്ടും മതിയായ സംരക്ഷണം നല്‍കിയില്ലെന്നാരോപിച്ച് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് പിന്നീടു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും ഇന്നലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നു. ഇരു ഹര്‍ജികളും ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.