ആറളം ഫാമിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
Wednesday, September 28, 2022 1:48 AM IST
ഇരിട്ടി: ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലിയിൽ മരണം. ഫാമിലെ ബ്ലോക്ക് ഒമ്പതിൽ താമസിക്കുന്ന വാസുവാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ നിലയിൽ ഒമ്പതാം ബ്ലോക്കിലെ വഴിയരികിൽ മൃതദേഹം കണ്ടെത്തുന്നത്.
തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാത്രി 10.30 ഓടെയാണ് ആളെ തിരിച്ചറിഞ്ഞത്. ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന 13-ാമത്തെ ആളാണ് വാസു. ഏറ്റവുമൊടുവിൽ രണ്ടു മാസം മുമ്പ് ആദിവാസിയായ ദാമുവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്. വൻ പ്രതിഷേധവുമായി ആദിവാസികൾ പ്രദേശത്ത് സംഘടിച്ചിട്ടുണ്ട്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഫാമിലെ കാട്ടാനശല്യം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നതല്ലാതെ ശാശ്വത പരിഹാരമുണ്ടാകുന്നില്ല.