പ്ലസ് വണ്‍ അലോട്ട്മെന്റ്: ജനറൽ മെറിറ്റിൽ ബാക്കിയുള്ളത് നാലു സീറ്റുകൾ
Wednesday, August 17, 2022 1:11 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഏകജാലക ജനറൽ മെറിറ്റിൽ ബാക്കിയുള്ളതു നാലു സീറ്റുകൾ മാത്രം.
പാലക്കാട്, ഇടുക്കി ജില്ലകളിലാണു രണ്ടു സീറ്റുകൾ വീതമുള്ളത്. ഏകജാലകം വഴി ജനറൽ മെറിറ്റിലും സംവരണത്തിലും ഉൾപ്പെടെ ആകെ 2,97,759 സീറ്റുകളാണുള്ളത്. ഇതിൽ ജനറൽ മെറിറ്റ് മാത്രം 1,44,256 സീറ്റുകൾ. ഇതിൽ 144252 സീറ്റുകളിലേയ്ക്കും വിദ്യാർഥികൾ പ്രവേശനം നേടി.
ഏകജാലകം വഴി പ്രവേശനത്തിനായി ഇനി വിവിധ സംവരണ വിഭാഗങ്ങളിലേത് ഉൾപ്പെടെ 64,793 സീറ്റുകളാണ് ഉള്ളത്. മുൻ വർഷങ്ങളിൽ മുഖ്യഘട്ടത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിൽ സംവരണ വിഭാഗങ്ങളിൽ പ്രവേശനം നേടാതെ കിടക്കുന്ന ഒഴിവു സീറ്റുകൾ ജനറൽ മെറിറ്റിലേക്കു മാറ്റി പ്രവേശനം നല്കുന്ന രീതിയാണ്. രണ്ടാം ഘട്ട അലോട്ട്മെന്റിൽ 19,430 വിദ്യാർഥികളാണു പ്രവേശനം നേടിയത്.