ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മ സംഘടന: ഗണേഷ് കുമാർ
Thursday, June 30, 2022 12:14 AM IST
കൊട്ടാരക്കര: അമ്മ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബാബു മറുപടി പറയേണ്ടത് അതിജീവിതയുടെ ആരോപണങ്ങൾക്കാണെന്നും കെ. ബി. ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബു പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഒട്ടേറെ ദുരാരോപണങ്ങളുണ്ട്.
അതിന്റെ ഒരു കോപ്പി തനിക്കും അയച്ചു തന്നിരുന്നു. ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സ്വീകരിക്കണം. അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇടവേള ബാബു ഇനിയും മറുപടി നല്‍കിയിട്ടില്ല. പകരം അമ്മ ക്ലബ് ആണെന്നാണ് ബാബു പറയുന്നത്. ഇതിന് മറുപടി പറയാൻ പ്രസിഡന്റ് മോഹൻലാലും തയാറാകണം.
താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇടവേള ബാബു മറുപടി നല്‍കിയില്ല. പകരം തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ഇടവേള ബാബു ശ്രമിച്ചത്. വിക്കിപീഡിയ നോക്കി ക്ലബിന്റെ അര്‍ഥം പറയുകയാണ് ചെയ്യുന്നത്. താന്‍ ബാബുവിനെപ്പോലെ ഇംഗ്ലീഷ് പ്രഫസര്‍ അല്ലെന്നും, ഇംഗ്ലീഷ് പരിജ്ഞാനമില്ലെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.
ഇടവേള ബാബു ഒറ്റയ്ക്കെഴുതിയ കത്തല്ല ഇത്. പുതിയ ചില ബുദ്ധികേന്ദ്രങ്ങളാണ് ഇതിന് പിന്നിൽ. ഇടവേള ബാബു പറഞ്ഞതുപോലെ, ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ല, ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല, തന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടുമില്ല. വേറെയാര്‍ക്കും സമയമില്ലാത്തതുകൊണ്ടാണ് ഇടവേള ബാബു സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്ന് പരിഹസിച്ച ഗണേഷ്, ഷമ്മി തിലകന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പറഞ്ഞു.