ബഫർ സോണ്‍: പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനെന്ന് മാത്യു കുഴൽനാടൻ
Tuesday, June 28, 2022 2:25 AM IST
തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ നിലവിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം പിണറായി സർക്കാരിന്റെ തീരുമാനമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ.
2013 ൽ വിദഗ്ധ സമിതിയെ വച്ചു പഠനം നടത്തി സീറോ ബഫർ സോണ്‍ എന്ന സർക്കാർ തീരുമാനത്തെ അട്ടിമറിക്കുന്നതിനു വേണ്ടി പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയോഗിച്ച പ്രത്യേക സമിതി ഒരു കിലോമീറ്റർ മുതൽ മൂന്നു കിലോമീറ്റർ വരെ ബഫർ സോണ്‍ ആക്കണമെന്നു ശിപാർശ ചെയ്തു. അതുപ്രകാരം മന്ത്രിസഭ തീരുമാനം കൈക്കൊള്ളുകയും 2019 ഒക്ടോബർ 31ന് ഉത്തരവിറക്കുകയും ചെയ്തു.
യുഡിഎഫ് സർക്കാരിന്റെ സീറോ ബഫർ സോണ്‍ എന്നതു മാറ്റി ഒന്നു മുതൽ മൂന്നു വരെ കിലോമീറ്റർ ബഫർ സോണ്‍ എന്നുള്ള പിണറായി സർക്കാരിന്റെ തീരുമാനമാണ് എല്ലാതിരിച്ചടികൾക്കും കാരണമെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.