നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
Monday, June 27, 2022 12:48 AM IST
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതു മുതൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ വരെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം ഇന്ന് സഭയിലെത്തുക.
സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി സഭയിൽ എന്തു മറുപടി പറയും എന്നതായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. രാഹുലിന്റെ ഓഫീസ് അടിച്ചു തകർത്തത് സംബന്ധിച്ച് സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം കേരളത്തിൽ നടപ്പാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.