നാവികസേനയിൽ വനിതാ സെയിലർമാരെ നിയമിക്കും: അഡ്മിറൽ ആർ. ഹരികുമാർ
Sunday, May 29, 2022 12:58 AM IST
ഏഴിമല: നാവികസേനയിൽ അടുത്ത വർഷം മുതൽ വനിതാ സെയിലർമാരെ നിയമിക്കുമെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ. ഏഴിമല നാവിക അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവികസേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് വനിതാ ഓഫീസർമാരുള്ളത്. സായുധസേനാ വിഭാഗങ്ങളിൽ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് മൂന്നോ നാലോ വർഷത്തേക്ക് സേവനത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഇതിലൂടെ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സേനയിൽ സേവനമനുഷ്ഠിക്കാനുള്ള അവസരം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.