ഇടതുഭരണം അഴിമതിയുടെ കൂത്തരങ്ങ്: കെ. സുധാകരൻ
Wednesday, May 25, 2022 2:18 AM IST
തിരുവനന്തപുരം: പിണറായിഭരണം അഴിമതിയുടെ കൂത്തരങ്ങായെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. 18 കോടി ചെലവാക്കി നിർമാണത്തിലിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് മേൽപ്പാലം ഉദ്ഘാടനത്തിനു മുന്നേ തകർന്ന അഴിമതിയുടെ കഥയാണ് പുതുതായി മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഓരോ ദിവസവും ഇതുപോലുള്ളവ മാധ്യമവാർത്തകളിൽ ഇടം പിടിക്കുകയാണ്.
ഈ സർക്കാരിന്റെ ഓരോ പദ്ധതിയും തയാറാക്കുന്നത് അഴിമതി നടത്താനും കമ്മീഷൻ ലഭിക്കുന്നതിനും വേണ്ടിയാണ്. മാനദണ്ഡങ്ങളും നിബന്ധനകളും കാറ്റിൽപ്പറത്തിയാണ് ഓരോ നിർമാണവും നടത്തുന്നത്. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴാണു സർക്കാർ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജനങ്ങളുടെ ജീവൻ പന്താടുന്ന നിർമാണത്തിലെ ക്രമക്കേട് കണ്ടെത്താൻ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.