ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തൻ
Saturday, January 15, 2022 1:53 AM IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പോലീസ് 2018 ജൂണ്‍ 28നു രജിസ്റ്റർ ചെയ്ത കേസിലാണു വിധി. വിധിക്കെതിരേ അപ്പീൽ പോകുമെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി.
കോടതിക്കുസമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ് ഫ്രാങ്കോ രാവിലെ 9.30നേ കോടതിയിലെത്തി.
11നു കോടതിയിൽ എത്തിയ ജഡ്ജി ഒറ്റവരി വാചകത്തിൽ വിധി പ്രസ്താവിച്ചു. വിധിവാചകം കേട്ടു പുറത്തിറങ്ങിയ ബിഷപ് പൊട്ടിക്കരഞ്ഞു. അഭിഭാഷകനെയും വൈദികനെയും കെട്ടിപ്പിടിച്ചു. തുടർന്നു മാധ്യമങ്ങളുടെ മുന്നിൽ ദൈവത്തിനു സ്തുതി എന്നു മാത്രം പറഞ്ഞു. ബിഷപ്പിന്റെ സഹോദരങ്ങളായ ഫിലിപ്പും ചാക്കോയും കോടതിയിലെത്തിയിരുന്നു.
വിധി അവിശ്വസനീയമെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ സിസ്റ്റർ അനുപമ പ്രതികരിച്ചത്.
കോടതിയിൽനിന്നു പുറത്തിറങ്ങി കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെത്തിയ ബിഷപ് വിശുദ്ധ കുർബാനയ്ക്കുശേഷം തൃശൂരിലേക്കുപോയി.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചതായി കന്യാസ്ത്രീ 2018 ജൂണ്‍ ഏഴിനാണു കോട്ടയം ജില്ലാ പോലീസ് ചീഫ് എസ്. ഹരിശങ്കറിനു പരാതി നൽകിയത്. മൂന്നു മാസത്തെ നടപടികൾക്കു ശേഷം സെപ്റ്റംബർ 21നു ഫ്രാങ്കോ മുളയ്ക്കലിനെ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് അറസ്റ്റ് ചെയ്തു. 25 ദിവസം പാലായിൽ ജയിൽവാസത്തിനുശേഷം 2018 ഒക്ടോബർ 15ന് ജാമ്യം ലഭിച്ചു.
പാലാ സബ് കോടതിയിൽനിന്നും ജില്ലാ ഡിസ്ട്രിക് ആൻഡ് അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റിയ കേസിൽ 105 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് ഇന്നലെ രാവിലെ വിധി പ്രസ്താവിച്ചത്. ജിതേഷ് ജെ. ബാബു, സുബിൻ കെ. വർഗീസ് എന്നിവർ പ്രോസിക്യൂഷനു വേണ്ടിയും ബി. രാമൻപിള്ള, സി.എസ്. അജയൻ, സുജേഷ് മേനോൻ, മഹേഷ് ബാനു, നിബു ജോണ്‍, അഖിൻ വിജയ് എന്നിവർ പ്രതിഭാഗത്തിനുവേണ്ടിയും ഹാജരായി.
83 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു
പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേറ്റുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഹാറിലെ ഭഗൽപുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ റവ.ഡോ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെ വിസ്തരിച്ചു.