മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടേത് മനഃപൂർവമായ മൗനമെന്ന് സതീശൻ
Saturday, December 4, 2021 12:28 AM IST
തൊടുപുഴ: മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടേത് മന:പൂർവമായ മൗനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇടുക്കി പ്രസ് ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്.
എന്നാൽ സംസ്ഥാനത്തെ രണ്ടുമന്ത്രിമാരെ ഇരുട്ടിൽ നിർത്തിയുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേത്. കാര്യങ്ങൾ കൂടുതൽ അപകടത്തിലേക്കാണ് നീങ്ങുന്നത്. മുന്നറിയിപ്പ് നൽകാതെ ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മുല്ലപ്പെരിയാർ ജലബോംബാണെന്ന് എം.എം.മണി എംഎൽഎ ഇടുക്കിയിൽ മാത്രമേ പറയൂ.
തിരുവനന്തപുരത്തെത്തുന്പോൾ അദ്ദേഹം കവാത്ത് മറക്കുകയാണ്. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ യുഡിഎഫിന്റെ സമര പ്രഖ്യാപന കണ്‍വൻഷനിൽ അവതരിപ്പിക്കും. വഖഫ് ബോർഡ് പ്രശ്നത്തിൽ യുഡിഎഫ് നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.