വിപണി ഇടപെടൽ ശക്തമാക്കി സപ്ലൈകോ
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: വിലക്കയറ്റത്തെ പ്രതിരോധിക്കാൻ വിപണി ഇടപെടൽ ശക്തമാക്കി ഇന്നു മുതൽ ഡിസംബർ ഒമ്പതു വരെ സപ്ലൈകോയുടെ മൊബൈൽ വിൽപനശാലകൾ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്സിഡി സാധനങ്ങൾ വിതരണം നടത്തും.
തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളിൽ മൊബൈൽ വിൽപനശാലകൾ എത്തി 30 നും ഡിസംബർ ഒന്നിനും സാധനങ്ങൾ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ എട്ടിനു പാളയം മാർക്കറ്റിന് സമീപം ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും.
ഒരു ജില്ലയിൽ അഞ്ച് മൊബൈൽ വിൽപ്പനശാലകളുടെ സേവനം രണ്ട് ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൊബൈൽ യൂണിറ്റ് ഒരു ദിവസം അഞ്ച് കേന്ദ്രങ്ങളിലെത്തും.
രണ്ടു ദിവസങ്ങളിൽ 10 കേന്ദ്രങ്ങൾ സന്ദർശിച്ച് സബ്സിഡി സാധനങ്ങൾ വിൽപ്പന നടത്തും. അഞ്ച് മൊബൈൽ യൂണിറ്റുകൾ രണ്ട് ദിവസങ്ങളിലായി 50 കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യും.