സഹകരണസംഘങ്ങൾക്ക് ആർബിഐ നിയന്ത്രണം: സർക്കാർ സുപ്രീംകോടതിയിലേക്ക്
Thursday, November 25, 2021 12:29 AM IST
തിരുവനന്തപുരം: പ്രാഥമിക സഹകരണസംഘങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിസർവ് ബാങ്ക് നീക്കത്തെ നിയമപരമായി മറികടക്കാൻ മറ്റു നിയമ വിദഗ്ധരുടെയും അഭിപ്രായം തേടും.
ഇതിനായി സഹകരണ മന്ത്രി വി.എൻ. വാസവനെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാൻ ആവശ്യമെങ്കിൽ പ്രതിനിധിസംഘത്തെ അയയ്ക്കും. റിസർവ് ബാങ്കിനെയും സർക്കാർ സമീപിക്കും.
ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ആർബിഐ ഏർപ്പെടുത്തിയത്. 1,625 പ്രാഥമിക സഹകരണബാങ്കുകളെയും 15,000ൽപ്പരം സഹകരണസംഘങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണു മന്ത്രിസഭാ വിലയിരുത്തൽ.