കൊക്കയാറിൽ നാലു വീടുകൾ ഒലിച്ചുപോയി; എട്ടുപേരെ കാണാതായി
Sunday, October 17, 2021 1:47 AM IST
തൊടുപുഴ: പെരുവന്താനം കൊക്കയാറിൽ ഉരുൾപൊട്ടലിൽ എട്ടുപേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.
കൊക്കയാർ വില്ലേജിലെ മാകോച്ചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാലു വീടുകൾ ഒലിച്ചു പോയതായാണ് വിവരം. ഇതിൽ രണ്ടു വീടുകളിലെ അഞ്ചു കുട്ടികൾ, രണ്ടു പുരുഷന്മാർ, ഒരു സ്ത്രീ എന്നിവരെ കാണാതായെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം.
കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചുപോകുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എൻഡിആർഎഫ് സംഘം പുറപ്പെട്ടു. മോശം കാലാവസ്ഥയും ഇരുട്ടുംമൂലം മലകളാൽ ചുറ്റപ്പെട്ട ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എളുപ്പത്തിൽ എത്തിപ്പെടാനാകാത്തത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്.