കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട: അഞ്ചംഗ സംഘം അറസ്റ്റിൽ
Sunday, July 25, 2021 12:51 AM IST
കൊരട്ടി: കൊരട്ടി ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രസിന്റെ മുഖ്യകവാടത്തിനു സമീപത്തുനിന്നു നാഷണൽ പെർമിറ്റ് ലോറിയിലും ആഡംബര കാറിലുമായി കടത്തുകയായിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ വെളുപ്പിന് കൊരട്ടിയിൽ ദേശീയപാത കേന്ദ്രീകരിച്ചു നടന്ന വാഹനപരിശോധനയിലാണ് തമിഴ്നാട്ടുകാരനടക്കം അഞ്ചുപേർ അറസ്റ്റിലായത്. താണിക്കുടം തേമന വീട്ടിൽ രാജീവ്(46), ലാലൂർ ആലപ്പാട്ട് വീട്ടിൽ ജോസ് (40), മണ്ണുത്തി വലിയവീട്ടിൽ സുബീഷ്(42), പഴയന്നൂർ വേണാട്ടുപറമ്പിൽ മനീഷ്(23), തമിഴ്നാട് തേനി സ്വദേശി സുരേഷ് (35) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് വിശാഖപട്ടണത്തുനിന്ന് തെക്കൻ ജില്ലകളിലേക്കു കടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ജില്ലാ റൂറൽ എസ്പി ജി. പൂങ്കുഴലിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്നാണ് ജില്ലയിലെതന്നെ ഏറ്റവും വലിയ കഞ്ചാവുവേട്ട നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവ്യാപാരത്തിലൂടെ നാലു കോടിയോളം രൂപ വില ലഭിക്കുമെന്നാണ് നിഗമനം. ലോറിയിൽനിന്ന് ആറു ചാക്കുകളും മാരുതി ഇഗ്നിസ് കാറിന്റെ ഡിക്കിയിൽനിന്ന് ഒരു ചാക്കും കഞ്ചാവാണ് കണ്ടെടുത്തത്.
ലോറിയുടെ പിറകിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ ടർപോളിൻ ഇട്ട് ചാക്കുകൾ മൂടിയിരുന്നു. പൈലറ്റ് വാഹനമായി കാറും ഒരുക്കിയിരുന്നു. കോഴിത്തീറ്റയുടെ മറവിലാണ് കഞ്ചാവ് കടത്തിയതെന്ന് എസ്പി ജി. പൂങ്കുഴലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾക്ക് ഇതിനായി സാമ്പത്തികസഹായം ചെയ്തവരെക്കുറിച്ചും പ്രതികളിൽനിന്നു കഞ്ചാവ് വാങ്ങി വിൽക്കുന്നവരെക്കുറിച്ചും അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് തോമസ്, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, തൃശൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജുമോൻ, കൊരട്ടി സിഐ ബി.കെ. അരുണ്, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലെ എം.പി. മുഹമ്മദ് റാഫി, എസ്ഐമാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, സി.ഒ. ജോഷി, എം.എസ്. പ്രദീപ്, സജി വർഗീസ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിലെ എഎസ്ഐ ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സീനിയർ സിപിഒമാരായ സൂരജ് വി. ദേവ്, വി.ആർ. രഞ്ജിത്ത്, സിപിഒമാരായ ഷറഫുദ്ദീൻ, മുരുകേഷ് കടവത്ത്, മാനുവൽ, സജി, ജിബിൻ വർഗീസ്, നിധീഷ്, തൃശൂർ റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥരായ സനൂപ്, മനു എന്നിവർ ചേർന്നാണ് കഞ്ചാവുവേട്ട നടത്തിയത്.