കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: കേരളത്തിൽ പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, പൊന്നാനി എന്നിവിടങ്ങളിൽ പച്ചത്തേങ്ങയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൃഷി മന്ത്രി അടിയന്തിരമായി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കാർഷികോല്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേരവികസന കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.