രാജ്യം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍: കെ. സുധാകരന്
Tuesday, June 15, 2021 1:17 AM IST
തിരുവനന്തപുരം: രാജ്യം ഭരിക്കുന്നത് ജനങ്ങളെ സാമ്പത്തികമായി കൊള്ളയടിക്കുന്ന സര്‍ക്കാരെന്നു നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് വന്‍ നികുതി വിഹിതം പറ്റി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്.ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസര്‍ക്കാരുകളും.യുപിഎ ഭരണകാലത്ത് ക്രൂഡോയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ 132 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു.എന്നാല്‍ ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 72 ഡോളര്‍ മാത്രമുള്ളപ്പോള്‍ രാജ്യത്ത് ഇന്ധനവില നൂറുരൂപ കടന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാന്‍ തയാറാകണം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ നാലു തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്കി. അതുപോലെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസര്ക്കാരിനില്ല.
ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും തുല്യമാണ്.ഇന്ധനവില വര്‍ധിപ്പിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കോവിഡ് വാക്സിനും ചെലവാക്കുന്ന തുകയും തമ്മില്‍ താരതമ്യം ചെയ്താല്‍ അതു വ്യക്തമാകും.മോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനാധിപത്യ സംവിധാനം ഇല്ലാതായെന്നും സുധാകരന് പറഞ്ഞു.
രാജ്ഭവന് ധര്‍ണയില്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്, ആന്റോ ആന്റണി, ,ബെന്നി ബെഹന്നാന്,രാജ്മോഹന്‍ ഉണ്ണിത്താന്,അടൂര്‍ പ്രകാശ്,ഡീന്‍കുര്യാക്കോസ്,രമ്യാഹരിദാസ്,ഇ.ടി. മുഹമ്മദ് ബഷീര്‍,അബ്ദുള്‍ സമദ് സമദാനി,തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എംപിമാര്‍ രാജ്ഭവനിലെത്തി ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം ഗവര്‍ണറെ ധരിപ്പിച്ചു.