രമ്യ ഹരിദാസ് എംപി ഗവർണർക്കു പരാതി നല്കി
Tuesday, June 15, 2021 12:42 AM IST
വടക്കഞ്ചേരി: ആലത്തൂരിൽ തനിക്കെതിരെ വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എംപി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് കത്ത് നൽകി.
വനിതയും പാർലമെന്റ് അംഗവും പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിയുമായിരുന്നിട്ടും തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ല.
പ്രതികളെ സംരക്ഷിക്കുകയും പരാതിക്കാർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഏപ്രിൽ അഞ്ചാം തീയതി കിഴക്കഞ്ചേരിയിൽ അന്പലദർശനത്തിനു പോയ തന്നെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ച കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിനും കൂട്ടാളികൾക്കുമെതിരേ പരാതി നൽകിയിട്ടും നാളിതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും രമ്യ ഹരിദാസ് ഗവർണർക്കുള്ള കത്തിൽ വ്യക്തമാക്കി.