കരിപ്പൂരിൽ നാലു യാത്രക്കാരിൽനിന്ന് 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Wednesday, April 14, 2021 12:49 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. 540 ഗ്രാം സ്വർണവും 998 ഗ്രാം സ്വർണമിശ്രിതവുമാണു കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയിൽനിന്ന് 200 ഗ്രാം സ്വർണമാണു ലഭിച്ചത്. ബാഗേജിനകത്ത് ചക്രഷൂസിന്റെ ചക്രങ്ങൾക്കടിയിലായിരുന്നു സ്വർണം.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്നു 399 ഗ്രാം വരുന്ന രണ്ട് സ്വർണമാലകളും പിടിച്ചു.
കാലിനടിയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കാസർഗോഡ് സ്വദേശിയിൽനിന്നു 399 ഗ്രാം വരുന്ന നാല് സ്വർണ ചെയിനുകളാണ് കണ്ടെത്തിയത്. ഈ വിമാനത്തിലെത്തിയ മറ്റൊരു കാസർഗോഡ് സ്വദേശിയിൽനിന്നു 540 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ഗുളിക രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ വൈഗേഷ് കുമാർ സിംഗ്, സൂപ്രണ്ടുമാരായ കെ. സുധീർ, കെ. ഐസക്, വർഗീസ്, പ്രേംപ്രകാശ് മീണ, ഇൻസ്പെക്ടർമാരായ പ്രമോദ്, കെ. രാജീവ്, സുമൻ ഗോദ്ര, ഹെഡ് ഹവിൽദാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.