പ്രിന്‍സിപ്പല്‍ നിയമനത്തിൽ എംജി സര്‍വകലാശാല ഒരു മാസത്തിനകം അംഗീകാരം നല്‍കണം: ഹൈക്കോടതി
Friday, April 9, 2021 11:49 PM IST
കൊച്ചി: ആലുവ യുസി കോളജിലെ അസോസിയേറ്റ് പ്രഫസറായ ഡോ. താര സൈമണിനെ പ്രിന്‍സിപ്പലായി നിയമിച്ച നടപടിക്ക് എംജി സര്‍വകലാശാല ഒരു മാസത്തിനകം അംഗീകാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമന തീയതിയായ 2018 ഏപ്രില്‍ ഒന്നു മുതലുള്ള അംഗീകാരം നല്‍കാനാണു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി.
യുജിസി വ്യവസ്ഥയനുസരിച്ചുള്ള അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ (എപിഐ) സ്കോര്‍ 400 ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു സര്‍വകലാശാല ഡോ. താരയുടെ നിയമനം അംഗീകരിക്കാതിരുന്നത്. ഇതിനെതിരെ താര നല്കിയ ഹര്‍ജിയില്‍ തീരുമാനം പുന:പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിഷയം പുന:പരിശോധിച്ചെങ്കിലും സര്‍വകലാശാല അംഗീകാരം നല്‍കിയില്ല. തുടര്‍ന്ന് ഹര്‍ജിക്കാരി സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ല. പിന്നീട് നല്കിയ അപ്പീലിലാണ് ഇവരുടെ നിയമനം അംഗീകരിക്കാന്‍ ഡിവിഷന് ബെഞ്ച് വിധിച്ചത്.