ഹോസ്റ്റലുകളുടെ രജിസ്ട്രേഷന് നിയമനിർമാണം നിർബന്ധമെന്നു ബാലാവകാശ കമ്മീഷൻ
Friday, March 5, 2021 12:36 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഹോസ്റ്റലുകളും രജിസ്റ്റർ ചെയ്യുന്നതിന് നിയമനിർമാണം നടത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളുടെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമനിർമാണം ആവശ്യമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഹോസ്റ്റലുകളുടെ രജിസ്ട്രേഷനും അന്തേവാസികളായ കുട്ടികളുടെ സംരക്ഷണവും നിരീക്ഷണവും ഉറപ്പാക്കുന്ന നിയമനിർമാണം കൊണ്ടുവരുന്നതിന് കാലതാമസം എടുക്കുന്ന പക്ഷം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ 2018-ൽ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കുകയോ സമാനമായ മാർഗരേഖ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. അടിസ്ഥാന ബാലാവകാശങ്ങൾ ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം അനിവാര്യമാണെന്ന് കമ്മീഷൻ വിലയിരുത്തി.