കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആറു മുതൽ
Friday, March 5, 2021 12:36 AM IST
കൊച്ചി: കേരള റീജിയൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 36 ാമത് ജനറല്‍ അസംബ്ലി ആറ്, ഏഴ് തീയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിക്കും. കോവിഡനന്തരകാലത്തെ സമൂഹനിര്‍മിതി എന്ന വിഷയമാണു സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ഡോ. മാര്ട്ടിന് പാട്രിക് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കെആര്‍എല്‍സിസി ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. കുടുംബവര്‍ഷ ഉദ്ഘാടനവും ലാറ്റിന്‍ മാട്രിമോണിയല്‍ മാര്യേജ് ബ്യൂറോയുടെ ഉദ്ഘാടനവും നടക്കും.