കാലടി സർവകലാശാലയിൽ നിയമന വിവാദമെന്നത് അപവാദ പ്രചാരണം: റീജണൽ ഡയറക്ടർ
Sunday, February 28, 2021 12:09 AM IST
കോട്ടയം: കാലടി സംസ്കൃത സർവകലാശാല തുറവൂർ റീജണൽ ഡയറക്ടറായി തന്നെ നിയമിച്ചതിനെതിരേ നടക്കുന്നത് അപവാദ പ്രചാരണമാണെന്നും തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നും ഡോ. ബിച്ചു എക്സ്. മലയിൽ. കഴിഞ്ഞ 23 വർഷമായി കോളജ്, സർവകലാശാല അധ്യാപികയാണ് താൻ. തന്റെ പഠന കാലത്തെയും കാലടി സർവകലാശാല നിയമനകാലത്തെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചട്ടങ്ങൾ അനുസരിച്ച് മാസ്റ്റർ ബിരുദത്തിൽ ലഭിച്ച മാർക്ക് ബെറ്റർമെന്റ് ചെയ്യുന്നതിനുള്ള അവസരമാണ് താൻ പ്രയോജനപ്പെടുത്തിയത്.
യുജിസി ചട്ടപ്രകാരവും സർവകലാശാല ചട്ടപ്രകാരവും മാസ്റ്റർ ബിരുദത്തിൽ ബെറ്റർമെന്റ് ചെയ്താൽ ലഭിക്കുന്ന കൂടിയ മാർക്ക് ആയിരിക്കും പിന്നീട് ആ മാസ്റ്റർ ബിരുദത്തിന്റെ മാർക്ക്. ഇതനുസരിച്ചാണ് എംഎയുടെ മാർക്ക് ബെറ്റർമെന്റ് ചെയ്തതിനുശേഷമുള്ള നിയമനത്തിൽ 60 ശതമാനം എന്ന് കാണിച്ചിരിക്കുന്നത്.
താൻ എംഫിൽ കോഴ്സ് ചെയ്യുന്ന കാലയളവിൽ മറ്റേതെങ്കിലും കോഴ്സ് ചെയ്തിട്ടില്ല. എംഎ പൂർത്തിയാക്കി ഫലം വന്നശേഷം ചട്ടപ്രകാരം അനുവദിക്കുന്ന മാർക്ക് ബെറ്റർമെന്റ് മാത്രമാണ് നടത്തിയിട്ടുളളത്. എംഫിൽ യോഗ്യത അംഗീകാരം ഇല്ലാത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വസ്തുതകൾ ഇതായിരിക്കെ വ്യാജപരാതി ഉന്നയിച്ച് തന്നെ തേജോവധം ചെയ്യുകയാണെന്നും ഡോ. ബിച്ചു എക്സ്. മലയിൽ പറഞ്ഞു.