ഭാര്യക്കു 424 പവനും 2,97,85,000 രൂപയും നല്കാൻ വിധി
Sunday, January 24, 2021 12:55 AM IST
ഇരിങ്ങാലക്കുട: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവ് നല്കണം. കണ്ഠേശ്വരം സ്വദേശിനി ശ്രുതി ജനാർദനൻ ഇരിങ്ങാലക്കുട കുടുംബക്കോടതിയിൽ, ഭർത്താവായ കോഴിക്കോട് മേപ്പറമ്പത്ത് ഡോ. ശ്രീതു ഗോപി, ഭർതൃപിതാവ് ഗോപി, ഭർതൃമാതാവ് മല്ലിക ഗോപി, ഭർതൃ സഹോദരനായ ശ്രുതി ഗോപി, സഹോദര ഭാര്യ ശ്രീദേവി എന്നിവർക്കെതിരേ നല്കിയ ഹർജിയിലാണ് വിധി. ഭർത്താവ് വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽനിന്നു കൈപ്പറ്റിയ സംഖ്യയടക്കമാണ് മൂന്നുകോടിയോളം രൂപ. കോടതിച്ചെലവും നല്കണം.
മെന്നു കുടുംബകോടതി ജഡ്ജി എസ്.എസ്. സീന വിധിച്ചു. 2012 മേയ് 11 നാണു ശ്രുതി ജനാർദനനെ ഡോ. ശ്രീതു ഗോപി വിവാഹം കഴിക്കുന്നത്. ഇവർക്കു ഒരു മകനുണ്ട്.
വിവാഹം നിശ്ചയിച്ചനാൾ മുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എൻആർഐ കോട്ടയിൽ എംഡി കോഴ്സിനു ചേരുവാൻ ഒരു കോടി പതിനൊന്നു ലക്ഷം രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ടു വാങ്ങിയെന്നും പിന്നീട് കല്യാണ ചെലവിലേക്കും വീടു വയ്ക്കുന്നതിനും വാഹനം വാങ്ങിക്കുന്നതിനും കോടിക്കണക്കിനു രൂപ കൈപ്പറ്റിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു. വിവാഹശേഷം ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണു ശ്രുതി ജനാർദനനൻ കോടതിയെ സമീപിച്ചത്.
ഭർത്താവ് ഡോ. ശ്രീതു ഗോപി മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി കുടുംബ കോടതി തള്ളിയിരുന്നു. ഹർജിക്കാരിക്കുവേണ്ടി അഡ്വ. ബെന്നി എം. കാളൻ, അഡ്വ. എ.സി. മോഹനകൃഷ്ണൻ, അഡ്വ. കെ.എം. ഷുക്കൂർ എന്നിവർ ഹാജരായി.