കാർഷിക ബില്ല് കൃഷിക്കാരന്റെ മരണവാറണ്ട്: ജോണി നെല്ലൂർ
Thursday, September 24, 2020 12:03 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ല് കൃഷിക്കാരുടെ മരണവാറണ്ട് ആണെന്നു കേരള കോണ്ഗ്രസ്- എം ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ. ഈ നിയമം ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ബില്ലിൽ പ്രതിഷേധിച്ച് പാർട്ടി സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. സമാനചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളുമായി ചേർന്ന് തുടർസമരപരിപാടികൾക്കു രൂപം നൽകും. ബില്ല് നിയമമാകുന്നതോടെ ഗ്രാമങ്ങളിലെ കാർഷിക സംഭരണ, വിപണന കേന്ദ്രങ്ങൾ ഇല്ലാതാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കുന്നതിനും വില നിശ്ചയിക്കുന്നതിനുമുള്ള അധികാരം കോർപറേറ്റുകൾക്കു കൈമാറുകയാണ്. ഇതോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാകുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.