ഹിറ്റ് ലിസ്റ്റിൽ കൊച്ചി നാവികസേന ആസ്ഥാനവും ഷിപ്യാര്‍ഡും
Sunday, September 20, 2020 12:53 AM IST
കൊച്ചി: അല്‍ ക്വയ്ദ തീവ്രവാദികളുടെ അറസ്റ്റിലൂടെ തകര്‍ത്തതു വന്‍ ആക്രമണ പദ്ധതിയെന്ന് എന്‍ഐഎ. ഡല്‍ഹി, മുംബൈ നഗരങ്ങളിലും കൊച്ചിയിലെ നാവികസേന ആസ്ഥാനത്തും ഷിപ്യാര്‍ഡിലും ഉൾപ്പെടെ ആക്രമണം നടത്താനും വൻ ആൾനാശം വരുത്താനുമാണു തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത്. പിടിയിലായവരെല്ലാം പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നു.
രാജ്യത്തിന്റെ11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒന്‍പത് തീവ്രവാദികളാണു പിടിയിലായത്. കേരളത്തില്‍നിന്നു മൂന്നും ബംഗാളില്‍നിന്ന് ആറും പേരാണ് പിടിയിലായത്.
എറണാകുളത്ത് ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണു തീവ്രവാദികളെ തിരിച്ചറിഞ്ഞു പിടികൂടിയത്. ധനസമാഹരണത്തിനാണു കേരളത്തില്‍ ഭീകരര്‍ അതിഥി തൊഴിലാളികളുടെ വേഷത്തില്‍ താമസിച്ചു വന്നിരുന്നതെന്നാണു റിപ്പോർട്ട്. ആരും സംശയിക്കാത്തരീതിയില് പെരുമ്പാവൂര്‍, പാതാളം മേഖലകളില്‍ സാധാരണക്കാരായ തൊഴിലാളികളെപോലെ ഇവര്‍ ജീവിച്ചു. അഞ്ചു വര്‍ഷമായി ഒരു കടയില്‍ ജോലി ചെയ്യുന്നയാളും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പല സ്ഥലങ്ങളിലായാണു താമസിച്ചിരുന്നതെങ്കിലും പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. പ്രതികളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയ നാടന്‍തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ സ്വയരക്ഷയ്ക്കായി കരുതിയതാണെന്നാണ് വിലയിരുത്തല്‍.
പോലീസും മറ്റും തിരിച്ചറിഞ്ഞാൽ ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. കേരളാ പോലീസിനു പോലും യാതൊരു സൂചനകളും നല്‍കാതെ അര്‍ധരാത്രിയില്‍ നടത്തിയ തെരച്ചില്‍ ഭീകരർ പ്രതീക്ഷിച്ചിരുന്നില്ലെന്നു കരുതുന്നു.
കഴിഞ്ഞ ജൂലൈയിൽ അല്‍ ക്വയ്ദ ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെയും യുഎന്നിന്റെയും മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് അംഗങ്ങള്‍ പ്രബലമായിതന്നെയുണ്ടെന്നു മുന്‍പ് യുഎന്‍ റിപ്പോര്‍ട്ടിലും പരാമർശിച്ചിരുന്നു.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിയിലായവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. ശ്രീലങ്ക കഴിഞ്ഞാല്‍ അടുത്തലക്ഷ്യമായി ഭീകരർ കണ്ടിരുന്നത് കേരളത്തെയാണ്. വ്യവസായിക കേന്ദ്രമായ കൊച്ചിയില്‍ സ്ഫോടനം നടത്തിയാൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കാമെന്നും തീവ്രവാദികള്‍ കരുതി.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് അസ്വാഭാവിക നീക്കങ്ങള്‍ നടക്കുന്നുവെന്നു നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി തീവ്രവാദം വളര്‍ത്തുന്നവരും അതിലേക്കു യുവാക്കളെയും പെണ്‍കുട്ടികളെയും ആകര്‍ഷിക്കുന്നവരും സജീവമാണ്. ഫേസ്ബുക്ക്, വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ അനുയോജ്യരായവരെ കണ്ടെത്തുകയാണ് തീവ്ര ആശയക്കാരുടെ ലക്ഷ്യം.
കൊല്ലം കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനു സമീപത്തുനിന്നു 14 പാക്കിസ്ഥാൻ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയതും കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതും തീവ്രവാദഗ്രൂപ്പുകളുടെ സജീവസാന്നിധ്യം കേരളത്തിലുണ്ടെന്നതിന്റെ തെളിവായിരുന്നു.
കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചതോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില്‍ 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്. കേരളത്തില്‍നിന്നുള്ള 120ഓളം പേര് ഐസിസില്‍ ചേരുകയോ ചേരാന്‍ ശ്രമിക്കുകയോ ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവെന്ന കേസില്‍ ആറു പ്രതികള്‍ക്കു കൊച്ചിയിലെ എന്‍ഐഎ കോടതി ഏതാനും നാളുകള്‍ക്കു മുമ്പു 14 വര്‍ഷത്തെ കഠിനതടവ് വിധിച്ചിരുന്നു. അടുത്തിടെ അഫ്ഗാന് സേനയ്ക്കു മുന്നില്‍ കീഴടങ്ങിയ അറുന്നൂറോളം തീവ്രവാദികളില്‍ കേരളത്തില്നിന്നുള്ളവരുമുണ്ടെന്നു വ്യക്തമായിരുന്നു.
ജോണ്സണ് വേങ്ങത്തടം