മുല്ലപ്പെരിയാര്‍ ഡാം : കേസിന്റെയും പഠനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവ്
Sunday, September 20, 2020 12:52 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച വിവിധ കേസുകളുടെയും പഠനങ്ങളുടെയും വിശദാംശങ്ങള്‍ പുറത്തുവിടണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന ജലവിഭവ വകുപ്പിന്റെ നിലപാടിനു തിരിച്ചടിയാണ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ്.
മുല്ലപ്പെരിയാര്‍ കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍, സര്‍ക്കാരിനു ലഭിച്ച നിയമോപദേശം, പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട്, ഭൂചലന പഠന റിപ്പോര്‍ട്ട് എന്നിവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ആര്‍ടിഐ കേരള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ജലവിഭവ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആദ്യം അപേക്ഷ നിരാകരിച്ചു. ജലവിഭവ വകുപ്പ് ഉത്തരവിന്റെ നിയമപരമായ സാധുത ചോദ്യംചെയ്ത് അപേക്ഷകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഉത്തരവ് പരിഗണിക്കാതെ തന്നെ വിവരാവകാശ അപേക്ഷ തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും, വിവരാവകാശ നിയമത്തിലെ 8 -1 എ വകുപ്പ് പ്രകാരം ജലവിഭവ വകുപ്പ് ആവശ്യം വീണ്ടും തള്ളി.
ഈ നടപടി അപേക്ഷകന് വിവരാവകാശ കമ്മീഷനില്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നു അപേക്ഷപ്രകാരമുള്ള രേഖകള്‍ ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് സംസ്ഥാന ജലവിഭവ വകുപ്പിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
സിജോ പൈനാടത്ത്