പെട്ടിമുടി ദുരന്തം: മരണം 55 ആയി
Thursday, August 13, 2020 12:29 AM IST
മൂന്നാർ: പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെത്തി. സുമതി (50), നാദിയ (12), ലക്ഷണശ്രീ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കിലോമീറ്റർ അകലെയുള്ള ഗ്രേവൽ ബാങ്കിനു സമീപത്തെ പുഴയിൽനിന്നും കണ്ടെത്തിയത്. ഇതോടെ മരണം 55 ആയി.
ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പെട്ടിമുടി സന്ദർശിക്കും. രാവിലെ ഒൻപതിന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിക്കുന്ന ഇവർ ആനച്ചാലിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് പെട്ടിമുടി സന്ദർശനം പൂർത്തിയാക്കി രണ്ടിന് മടങ്ങും. ഇന്നലെ രാവിലെ തെരച്ചിൽ ആരംഭിക്കുന്പോൾ മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നെങ്കിലും പിന്നീട് മഴ ശക്തമായി. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പത്തു പേരടങ്ങുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിലെ തെരച്ചിൽ. മഴ പെയ്യുന്പോൾ പുഴയിലെ ഒഴുക്ക് വർധിക്കുന്നതും രക്ഷാപ്രവർത്തകർക്ക് തിരിച്ചടിയാകുന്നു. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരും രക്ഷാപ്രവർത്തന രംഗത്തുണ്ട്. മൂന്നാറിൽ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ സംഘമാണ് ഒരു മൃതദേഹം തെരച്ചിലിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.