എംജി സർവകലാശാല ബിരുദപ്രവേശനം; ഏകജാലകത്തിലൂടെ ഒന്നിലധികം അപേക്ഷ നൽകരുത്
Tuesday, August 11, 2020 12:45 AM IST
കോട്ടയം: ബിരുദപ്രവേശനത്തിന് ഏകജാലകത്തിലൂടെ രജിസ്റ്റർ ചെയ്യുന്പോൾ ഒന്നിൽക്കൂടുതൽ അപേക്ഷ സമർപ്പിക്കരുത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ 14 മുതൽ 17 വരെ തിരുത്താൻ അവസരമുണ്ട്.
ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാനും സാധിക്കും. ഈ സൗകര്യം 22ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം ് 24 വരെ ലഭ്യമായിരിക്കും. ഈ അവസരത്തിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നന്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ തിരുത്താൻ സാധിക്കില്ല. അതിനാൽ അപേക്ഷയിൽ തെറ്റുവരുത്തിയവർ രണ്ടാമതൊരു രജിസ്ട്രേഷൻ കൂടി നടത്തരുത്.
പ്ലസ്ടു ബോർഡിന്റെ രജിസ്റ്റർ നന്പർ നൽകിയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.അലോട്ടുമെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ എസ്എംഎസ് മുഖേന ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സമയബന്ധിതമായി പ്രവർത്തിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം. അപേക്ഷ നൽകുന്പോൾ പ്രോസ്പെക്്ടസ്, മറ്റ് നിർദ്ദേശങ്ങൾ, വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങൾ എന്നിവ കൃത്യമായി വായിച്ചുനോക്കണം.
രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നത് പരാജയപ്പെടുന്നപക്ഷം അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ ’മൈ അക്കൗണ്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന ’ചെക്ക് യുവർ പേയ്മെന്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പണമടച്ചതിന്റെ തൽസ്ഥിതി മനസിലാക്കാവുന്നതാണ്.