വിമാനാപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ സഹായം- മുഖ്യമന്ത്രി
Sunday, August 9, 2020 1:05 AM IST
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം ആശ്വാസധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിക്ക് പറ്റിയവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിന് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 04952376901. സ്വകാര്യ ആശുപത്രികളിലെ പിആര്‍ഒമാര്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവും. സാധാരണഗതിയില്‍ വിമാനങ്ങളില്‍ സംഭവിക്കാറുള്ളതില്നിന്ന് വ്യത്യസ്തമായി മരണപ്പെട്ടവരുടെ സംഖ്യ കുറഞ്ഞത് ആശ്വാസകരമാണ്. അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക ഏജന്‍സികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയോടെ നടന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.