പോലീസ് നടപടി അപലപനീയം: സിഎൽസി
Thursday, August 6, 2020 12:42 AM IST
കൊച്ചി: തലശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന വൈദികനെ ബലിവേദിയിൽനിന്നു വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നു സിഎൽസി സംസ്ഥാന സമിതി. ഫാ. ലൂയി മരിയദാസിനെതിരെയാണു നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ച് ദിവ്യബലി അർപ്പിച്ചിരുന്ന വൈദികനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പള്ളിയുടെ മുൻവശത്തേക്കു വിളിച്ചുവരുത്തുകയും തെറ്റിദ്ധരിപ്പിച്ചു വൈദികന്റെയും വിശ്വാസികളുടേയും ഒപ്പുവാങ്ങുകയുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾതന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ചു നടത്തിയ തിരുക്കർമങ്ങൾ തടസപ്പെടുത്തി കേസെടുത്തതിനു പിന്നിലെ ചേതോവികാരം വ്യക്തമാകേണ്ടതുണ്ടെന്നു സംസ്ഥാന സിഎൽസി ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.