കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു; വിശദീകരണം തേടി കളക്ടർ
Wednesday, July 15, 2020 11:29 PM IST
തൊടുപുഴ: ജില്ലയിൽ കോവിഡ് രോഗികളുടെ പേരും വിലാസവും ചോർന്നു. സംഭവത്തിൽ കളക്ടർ എച്ച്.ദിനേശൻ വിശദീകരണം തേടി. രോഗികളുടെ വിവരങ്ങൾ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപു തന്നെ ഇടുക്കിയിൽ 51 രോഗികളുടെ പേരും വിലാസവുമാണ് ചോർന്നത്. ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച രോഗികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണു നിയമം.
ഇതിനു വിപരീതമായി കോവിഡ് വിവര കൈമാറ്റത്തിൽ വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. രോഗികളുടെ പേരും വിലാസവും ഫോണ് നന്പരും ഉൾപ്പെടെയാണ് ചോർന്നത്. സമൂഹമാധ്യമങ്ങളിൽ ലിസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയയോട് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പിലെ ചിലരാണ് വിവരങ്ങൾ ചോർത്തി പുറത്തു വിട്ടതെന്നാണ് സൂചന. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.