പത്തനംതിട്ടയിൽ എംപിയും എംഎൽഎയും ക്വാറന്റൈനിൽ
Monday, July 13, 2020 12:55 AM IST
പത്തനംതിട്ട: കോവിഡ് 19 സന്പർക്കവ്യാപനം അതിരൂക്ഷമായി തുടരുന്ന പത്തനംതിട്ടയിൽ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം നിരവധിയാളുകൾ ക്വാറന്റൈനിൽ.
ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ എന്നിവരടക്കം ക്വാറന്റൈനിലാണ്. ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷൻ സക്കീർ ഹുസൈൻ, പത്തനംതിട്ട ആർടിഒ ജിജി ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ കമ്മിറ്റിയംഗങ്ങൾ, പത്തനംതിട്ട നഗരസഭയിലെ കൗണ്‍സിലർമാർ, സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ് തുടങ്ങി നിരീക്ഷണത്തിൽ പോകുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.
കോന്നിയിൽ കഴിഞ്ഞ ഏഴിനു നടന്ന സബ് ആർടി ഓഫീസ് ഉദ്ഘാടനവേദിയാണ് എംപിയെയും എംഎൽഎയെയും ക്വാറന്റൈനീലാക്കിയത്. ഈ പരിപാടിയിൽ പങ്കെടുത്ത ആർടി ഓഫീസിലെ ഒരു ജീവനക്കാരന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രാത്രി മുതൽ തന്നെ ആന്റോ ആന്റണി, കെ.യു. ജനീഷ് കുമാർ, ആർടിഒ തുടങ്ങിയവരും അന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആർടിഒ ജീവനക്കാരും ക്വാറന്റൈനിലായി.
പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച സിപിഎം കുന്പഴ ഏരിയാ കമ്മിറ്റിയംഗത്തിന്റെ സന്പർക്കപ്പട്ടികയുമായി ബന്ധപ്പെട്ട് ക്വാറന്റൈനിലായിരുന്ന പത്തനംതിട്ട നഗരസഭയുടെ മുൻ അധ്യക്ഷയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഇവരുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ക്വാറന്റൈനീൽ പോകേണ്ടിവരും. നേരത്തെതന്നെ കോവിഡ് സ്ഥിരീകരിച്ച ഏരിയാ കമ്മിറ്റിയംഗം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നതാണ്. ജില്ലാ പഞ്ചായത്തിലെ വനിത ക്ലാർക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്ലാൻ വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഇവരുമായി ബന്ധപ്പെട്ടു മറ്റു സെക്ഷൻ ഉദ്യോഗസ്ഥരും ക്വാറന്റൈനിലായി.
സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ സന്പർക്കപ്പട്ടികയിൽ കേരള ബാങ്ക് ശാഖ, കുന്പഴ സഹകരണ ബാങ്ക് ശാഖ, പത്തനംതിട്ടയിലെ ഒരു സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം ക്വാറന്റൈനീലേക്ക് നിരവധിയാളുകളായി. രോഗം സ്ഥിരീകരിച്ച മുസ്ലിംലീഗ് വിദ്യാർഥി നേതാവിന്റെ സന്പർക്കപ്പട്ടികയിൽ ആദ്യം ക്വാറന്റൈനിലായവരിൽ മാധ്യമ പ്രവർത്തകർ അടക്കമുണ്ടായിരുന്നു. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായി ലഭിച്ചിട്ടുണ്ട്.