എസ്എസ്എൽസി/ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാകേന്ദ്ര മാറ്റം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Sunday, May 24, 2020 12:04 AM IST
തിരുവനന്തപുരം: എസ്എസ്എൽസി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷ സമർപ്പിച്ചവരിൽ മീഡിയം, കോഴ്സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്തു പുതിയ പരീക്ഷാകേന്ദ്രം ലഭിക്കാൻ അപേക്ഷിച്ചവർക്കു പരീക്ഷാകേന്ദ്രവും കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവർക്ക് കോഴ്സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷാകേന്ദ്രവുമാണ് അനുവദിച്ചത്. ലിസ്റ്റ് httts://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിൽ ലഭ്യമാണ്. പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വ്യക്തിഗത സ്ലിപ്പ് Centre Allot Slip എന്ന ലിങ്കിൽനിന്നു പ്രിന്റെടുക്കാം.
പരീക്ഷയ്ക്ക് എത്തുമ്പോൾ
പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതാൻ നിലവിലുള്ള ഹാൾടിക്കറ്റും വെബ്സൈറ്റിൽനിന്നു ലഭിക്കുന്ന സെന്റർ അലോട്ട്മെന്റ് സ്ലിപ്പും സഹിതം ഹാജരാകണം. ഏതെങ്കിലും വിദ്യാർഥിക്ക് ഹാൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ സെന്റർ അലോട്ട്മെന്റ് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷ എത്തണം. 2020 മാർച്ചിലെ പൊതുപരീക്ഷകൾക്കു സഹായം അനുവദിച്ചിട്ടുള്ള CWSN വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടു പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്/ ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.