വ്യക്തികളെ അണുവിമുക്തരാക്കാൻ ആധുനിക മാതൃക അവതരിപ്പിച്ച് കാണ്‍പുർ ഐഐടിയിലെ അധ്യാപകർ
Friday, April 3, 2020 12:46 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തികളെ അണുവിമുക്തരാക്കുന്നതിനായി ആധുനിക മാതൃക അവതരിപ്പിച്ച് കാണ്‍പൂർ ഐഐടിയിലെ അധ്യാപകർ രംഗത്ത്. കാണ്‍പൂർ ഐഐടിയിലെ ഡോ. ദീപു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഡോ. മാനീന്ദ്ര അഗർവാൾ, ഡോ. ജെ. രാംകുമാർ, ഡോ. മൈനാക് ദാസ്, ഡോ. ശന്തനു മിശ്ര, ഡോ. എസ്. ഗണേഷ് എന്നിവരാണ് പുതിയ നിർമിതിക്കു പിന്നിൽ.
വ്യക്തികളെ പൂർണമായി അണുവിമുക്തരാക്കുന്നതിനായുള്ള മാതൃകയാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ഡിസ്ഇൻഫെക്ടന്റ് സ്പ്രേയിംഗ് ചേംബർ, തെർമൽ ഷോക്ക് ചേംബർ, ആറ്റൊമൈസിംഗ് ഫാൻ എന്നിവയാണ് സജ്ജീകരിക്കേണ്ടത്. ഡിസ്ഇൻഫെക്ടന്റ് സ്പ്രേയിംഗ് ചേംബറിലേക്ക് കയറി നിൽക്കുന്ന വ്യക്തിയുടെ ശരീരമാസകലം ആദ്യം ഡിസ്ഇൻഫക്റ്റന്റ് ദ്രാവകം സ്പ്രേ ചെയ്യും. തുടർന്ന് 30 സെക്കൻഡുകൾക്ക് ശേഷം ഈ വ്യക്തി 55-60 ഡിഗ്രി സെൽഷ്യസ് താപനില സജ്ജീകരിച്ചിരിക്കുന്ന തെർമൽ ഷോക്ക് ചേംബറിലേക്ക് കടന്നു നിൽക്കണം. 10 സെക്കൻഡിനു ശേഷം പുറത്തിങ്ങുന്ന വ്യക്തിയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഉള്ള യാതൊരു അണുക്കളും ഉണ്ടായിരിക്കുകയില്ല.