സൈക്കിളിൽ സ്വദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം; അതിഥി തൊഴിലാളികളെ പോലീസ് തിരിച്ചയച്ചു
Wednesday, April 1, 2020 12:39 AM IST
ഹരിപ്പാട്: കോവിഡ്-19 ഭീതിയെ ത്തുടർന്ന് സൈക്കിളിൽ നാട്ടിലേക്കു രക്ഷപ്പെടാനുള്ള അതിഥി തൊഴിലാളികളുടെ ശ്രമം പോലീസ് തടഞ്ഞു. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു. ചെന്നിത്തല പടിഞ്ഞാറ് താമസിക്കുന്ന ബിഹാർ സ്വദേശികളായ 19 പേരാണ് കഴിഞ്ഞ ദിവസം അവരവരുടെ സൈക്കിളിൽ നാട്ടിലേക്കു തിരിച്ചത്.
കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകാനായി ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. അപ്പോഴാണ് ട്രെയിനുകൾ ഓടുന്നില്ലെന്നുള്ള വിവരം അറിഞ്ഞത്. ഇവരുടെ കൂടെ താമസിച്ചിരുന്ന കുറച്ചുപേർ രണ്ടാഴ്ച മുന്പു നാട്ടിലേക്ക് പോയിരുന്നു. എങ്ങനെയും കേരളത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സൈക്കിളിൽ പോകാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു.
കരുവാറ്റയിൽവച്ചാണ് പോലീസ് ഇവരെ തടഞ്ഞത്. കാര്യങ്ങൾ പറഞ്ഞു പോലീസ് ഇവരെ പിന്തിരിപ്പിച്ചു. ഇവർക്ക് താമസ സൗകര്യം നൽകിയിരുന്ന ആളിനെ ഫോണിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് തിരികെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു.
പള്ളിപ്പാട് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സാജൻ പനയാറ, സജൻചാക്കോ, ഷാബു കടൂകോയിക്കൽ, അനിൽ തോമസ്, ഷിബു, ചക്കാലിൽ, ബോബൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നിത്തലയിൽ ഉള്ള ക്യാന്പ് സന്ദർശിക്കുകയും അവർക്കു ഭക്ഷണത്തിനാവശ്യമായ അരി, ഗോതന്പ് പൊടി, പരിപ്പ്, എണ്ണ, പച്ചക്കറികൾ എന്നിവ സിവൈഎമ്മിന്റെ അൻപിൻ കരം പദ്ധതി വഴി എത്തിച്ചു നല്കുകയും ചെയ്തു.