കോവിഡിനെ തോൽപിച്ച് ദന്പതികൾ വീട്ടിലേക്ക്
Sunday, March 29, 2020 12:39 AM IST
ഗാന്ധിനഗർ (കോട്ടയം): കോട്ടയം ജില്ലയിൽ ആദ്യം കോവിഡ് -19 സ്ഥിരീകരിച്ച തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ ദന്പതികളും ഒപ്പമുണ്ടായിരുന്ന നാലര വയസുള്ള മകളും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.
കോവിഡ് -19 വൈറസ് ബാധിച്ച ദന്പതികൾക്കും മകൾക്കും 21 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ഇന്നലെയാണു മോചനം ലഭിച്ചത്. ദന്പതികളുടെ നാലര വയസുള്ള മകൾ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും കോവിഡ് വൈറസ് ബാധിച്ചില്ല. കഴിഞ്ഞ എട്ടിനാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
ഇവരുടെ ബന്ധുക്കളായ വയോധിക ദന്പതികൾ ഇപ്പോഴും മെഡിക്കൽ കോളജിൽ കോവിഡ് -19നു ചികിത്സയിലാണ്. ഇറ്റലിയിൽ സ്ഥിരതാമസക്കാരായ ഭാര്യാസഹോദരനെയും മാതാപിതാക്കളെയും ഫെബ്രുവരി 29ന് കാറിൽ നെടുന്പാശേരിയിൽനിന്നു റാന്നി ഐത്തലയിലുള്ള വീട്ടിൽ ഇവരുടെ നാലര വയസുള്ള കുട്ടിയോടൊപ്പം എത്തിച്ചതു ചെങ്ങളത്തെ ദന്പതികളാണ്. രണ്ടു ദിവസത്തിനു ശേഷം ഇറ്റലിയിൽനിന്നു വന്നവർ കോവിഡ് 19നു ചികിത്സ തേടുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്തു. ഇതോടെ യുവദന്പതികളെയും കോട്ടയം മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി വിട്ടെങ്കിലും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന നിശ്ചിത ദിവസം ഇവർ ഹോം ക്വാറന്റൈനിൽ കഴിയണം. സ്നേഹത്തോടെ പരിചരിച്ച ആശുപത്രി അധികൃതർക്കു മനസു നിറയെ നന്ദി പറഞ്ഞുകൊണ്ടാണ് ദന്പതികൾ വീട്ടിലേക്കു മടങ്ങിയത്.