45 ആശുപത്രികളിലെ നഴ്സുമാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി
Saturday, March 28, 2020 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്സിംഗ് സൂപ്രണ്ടുമാരുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയത്.
രോഗിയെ ശുശ്രൂഷിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. ആ കുട്ടിയെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത്. ഈ ആത്മവിശ്വാസം എല്ലാവര്ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്കുന്നു. ഇനിയൊരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയുടെ ഭാഗമായി ഈ രോഗം പകരാതെ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.