അനധികൃത ബോര്‍ഡുകൾ: ഡിജിപിയെ വിളിച്ചുവരുത്തുമെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Thursday, February 27, 2020 12:48 AM IST
കൊച്ചി: സംസ്ഥാനത്തെ അനധികൃത ബോര്‍ഡുകള്‍ക്കെതിരേ പോലീസിന്റെ നടപടി ദുര്‍ബലമെങ്കില്‍ ഡിജിപിയെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
ഡിജിപിയുടെ ഉത്തരവ് പോലീസുകാര്‍ പോലും പാലിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലറും, അനധികൃത ബോര്‍ഡുകളും മറ്റും നീക്കണമെന്ന റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവും കര്‍ശനമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
പത്ത് ദിവസത്തിനകം അനധികൃത ബോര്‍ഡുകളെല്ലാം നീക്കം ചെയ്യണം. ഭൂ സംരക്ഷണ നിയമ പ്രകാരം നിയമലംഘകരില്‍ നിന്ന് ഉയര്‍ന്ന പിഴസംഖ്യ ഈടാക്കാനുള്ള നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. അനധികൃത ബോര്‍ഡുകളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ പരിഗണനയിലുള്ളത്.
നടപ്പാക്കാനല്ലെങ്കില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ട് കാര്യമില്ലെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ ഇറക്കിയെന്നല്ലാതെ അതില്‍ വ്യക്തമായൊന്നും പറഞ്ഞിട്ടില്ല. കോടതി പറഞ്ഞതു പോലെ ചെയ്യാനാണ് സര്‍ക്കുലറിലെ നിര്‍ദേശം. ബോര്‍ഡ് വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമായതോടെ സംസ്ഥാനമാകെ ആ കുറ്റകൃത്യം വ്യാപകമായി നടക്കുകയാണ്. കൊച്ചി കലൂരില്‍ കെഎസ്യുവിന്റെ കൊടികള്‍ സ്ഥാപിച്ചത് സംബന്ധിച്ച് ഇന്നലെ രാവിലെ കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. കൊടികള്‍ നീക്കിയെന്നും കേസെടുത്തെന്നും ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കവെ സിഐ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചു. വിവരം കിട്ടിയാലുടന്‍ പോലീസ് നടപടിയെടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി.