റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എജിഎമ്മിനെ സസ്പെന്‍ഡ് ചെയ്തു
Wednesday, February 26, 2020 12:32 AM IST
തിരുവനന്തപുരം: എറണാകുളം, കാക്കനാട്ട് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ നിർമിക്കുന്ന വ്യവസായ സമുച്ചയവും ഓഫീസ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാർ കന്പനിയിൽ നിന്നു പണം ഈടാക്കുന്നതിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് ജനറൽ മാനേജർ ടി.ജെ. അലക്സിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നു സസ്പെന്‍ഡ് ചെയ്യാൻ ഉത്തരവിട്ടതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
നിശ്ചിത കാലാവധിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാതിരുന്നിട്ടും കരാർ കന്പനിക്കെതിരേ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തയാറായില്ല എന്നു മന്ത്രി പറഞ്ഞു.
കരാർ കാലാവധി കഴിഞ്ഞ് നിരവധി വർഷങ്ങളായിട്ടും കന്പനി നൽകിയ 2.36 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും അസിസ്റ്റന്റ് ജനറൽ മാനേജർ സ്വീകരിച്ചില്ല. പൊതുമരാമത്ത് മന്ത്രിയും ആർബിഡിസികെ ചെയർമാനുമായ ജി.സുധാകരന്റെ നിർദേശ പ്രകാരം മാനേജിംഗ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ചുമതലക്കാരനായ അസിസ്റ്റന്റ് ജനറൽമാനേജർ അലക്സിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെ ത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടുകയും ചെയ്തു.