പവൻദൂത്: വിമാനത്താവളത്തിൽനിന്ന് മെട്രോ ലിങ്ക് ബസ് സർവീസിന് തുടക്കം
Thursday, February 20, 2020 11:35 PM IST
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മെട്രോയിലേക്ക് തുടർച്ചയായ യാത്രാ സൗകര്യം ഒരുങ്ങി. വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പവൻ ദൂത് ബസ് സർവീസ് സിയാൽ എംഡി വി.ജെ. കുര്യൻ പവൻ ദൂത് ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി.
പുലർച്ചെ അഞ്ചു മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ 1, ടെർമിനൽ 2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽനിന്ന് ബസ് പുറപ്പെടും. 5.40 മുതൽ ആലുവയിൽ മെട്രോ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സർവീസ്. 30 സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസിലുണ്ട്. പൂർണമായും വൈദ്യുതിയിലാണ് ഓടുന്നത്. ആദ്യ ഘട്ടമായി രണ്ടു ബസുകളാണ് സർവീസ് നടത്തുക. 40 മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽനിന്ന് ആലുവ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. 50 രൂപയാണ് ഒറ്റയാത്രയ്ക്കുള്ള നിരക്ക്.
എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി കെ. ജോർജ്, കൊച്ചി മെട്രോ ഡയറക്ടർമാരായ ഡി.കെ. സിൻഹ, കെ.ആർ. കുമാർ തുടങ്ങിയവർ പങ്കെടുത്തു.