കണ്ണൂര്‍ കോര്പറേഷൻ ഓഫീസിൽ മേയർക്കുനേരേ കൈയേറ്റം
Thursday, February 20, 2020 12:54 AM IST
കണ്ണൂർ: കോര്പറേഷൻ ഓഫീസിൽ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ മേയര്‍ക്കും പ്രതിപക്ഷ കൗണ്സിലർമാര്ക്കുംനേരെ കൈയേറ്റമുണ്ടായി. മേയർ സുമ ബാലകൃഷ്ണന് ചവിട്ടേറ്റു. മേയറുടെ ഗൗൺ വലിച്ചൂരാനും ശ്രമമുണ്ടായി.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു കോര്പറേഷന് ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയറും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ കെ. പ്രമോദ്, ടി. വിനിത, കെ. റോജ, കെ. കമലാക്ഷി എന്നിവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാതെ പിരിഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 വരെ കോർപറേഷൻ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ കൗണ്‍സില്‍ യോഗത്തിനുമുമ്പ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ കാണാനായി ചേംബറിലെത്തിയിരുന്നു. സമരം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ കാണാനെത്തിയത്. എന്നാല്‍, ചര്‍ച്ചയിലെ ആവശ്യം പിന്നീട് തീരുമാനിക്കാമെന്ന് മേയര്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു.
തീരുമാനമെടുത്തതിനുശേഷം കൗണ്‍സില്‍ യോഗം ചേർന്നാൽ മതിയെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ കൗൺസിലർമാർ. തുടർന്ന് 11 ഓടെ മേയർ മുറിയിൽനിന്നിറങ്ങി യോഗഹാളിലെ ഡയസിലേക്ക് നീങ്ങാനൊരുങ്ങിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ തടഞ്ഞു. ഇതോടെ ബഹളവും കൈയാങ്കളിയും തുടങ്ങി. മുറിയിൽനിന്ന് ഹാളിലേക്കുള്ള പ്രധാന വാതിൽ പൂട്ടിയിട്ടതിനെത്തുടർന്ന് മേയർ മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങാനൊരുങ്ങി. പ്രതിപക്ഷം ഉപരോധം ശക്തമാക്കിയതോടെ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി അംഗങ്ങൾ മേയറെ പുറത്തിറക്കാനും ശ്രമം തുടങ്ങി.
ടൗൺ എസ്ഐ ബി.വി. ബവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടാണ് മേയറെ പുറത്തെത്തിച്ചത്. തുടർന്നു മേയറുടെ ഡയസിലും കൈയാങ്കളിയുണ്ടായി. മേയർക്കുചുറ്റും പ്രതിപക്ഷാംഗങ്ങൾ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി. തുടർന്നു പരസ്പരം കൈയേറ്റശ്രമവും വാക്കേറ്റവുമുണ്ടായി. തുടർന്ന് മേയർ സഭാഹാൾ വിട്ടിറങ്ങുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കെ. സുധാകരന് എംപി, കെ.കെ. രാഗേഷ് എംപി എന്നിവര്‍ സ്ഥലത്തെത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
കോർപറേഷൻ പരിധിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കണ്ണൂർ: മേയർ സുമ ബാലകൃഷ്ണനെ കോർപറേഷൻ ഓഫീസിൽ ആക്രമിച്ച സിപിഎം കൗൺസിലർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ, അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 12 വരെ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചതായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.