മാരാമണ്‍ കണ്വൻഷൻ സമാപിച്ചു
Monday, February 17, 2020 1:21 AM IST
മാരാമണ്‍: വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥിതികളെ ദൈവവിശ്വാസത്തിലൂടെ ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി മാരാമണ്‍ കണ്‍വൻഷന്റെ പഞ്ചരജതജൂബിലി സമ്മേളനം സമാപിച്ചു.
""മോഹന വാഗ്ദാനങ്ങളുമായി പലരും വിശ്വാസികളെ സമീപിച്ചേക്കാം, പക്ഷേ അവരുടെ ലക്ഷ്യങ്ങളെ സൂക്ഷ്മമായി തിരിച്ചറിയണ്ടേതുണ്ട്, വിദ്വേഷമല്ല, സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്നിന്റെ ആവശ്യമെന്ന് '' ഒരാഴ്ച പന്പാ മണൽപ്പുറത്തു നടന്ന മാരാമണ്‍ കണ്‍വൻഷന്റെ സമാപന സന്ദേശത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവത്തിന്റെ മുഖച്ഛായ കാണുന്നതാണ് യഥാർഥ ക്രിസ്ത്രീയ ദർശനമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ആർച്ച്ബിഷപ് ദിനോ ഗബ്രിയേൽ മുഖ്യസന്ദേശം നൽകി. രാവിലത്തെ യോഗത്തിൽ റവ.മോണോദീപ് ദാനിയേൽ പ്രസംഗിച്ചു.
മുൻ കേന്ദ്രമന്ത്രിമാരായ പി.സി. തോമസ്, പി.ജെ. കുര്യൻ, എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ വീണാ ജോർജ്, മാത്യു ടി.തോമസ്, മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, എം. മുരളി, മാലേത്ത് സരളാദേവി, കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.